പറപ്പൂക്കര: നെടുമ്പാളില്‍ പാചകവാതകവിതരണ വാഹനത്തിനു തീപിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പാചകവാതക സിലിണ്ടറുകള്‍ വിതരണത്തിനെത്തിച്ച മിനിലോറിയുടെ മുന്വശത്തുനിന്നാണ് ആദ്യം തീപടരുന്നതു ശ്രദ്ധയില്‍പെട്ടത്. ഡ്രൈവര്‍ ഉടന്‍ പുറത്തിറങ്ങി നാട്ടുകാരുടെ സഹായത്തോടെ തീകെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനിടെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു.
ഫയര്‍ എക്സ്റ്റിൻഗ്വിഷര് അടക്കം പ്രയോഗിച്ചെങ്കിലും തീകെടുത്താന്‍ സാധിച്ചിരുന്നില്ല. പുതുക്കാട്, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍നിന്നു ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സിലിണ്ടറുകള്‍ ഉടന്‍ വാഹനത്തില്‍നിന്നു മാറ്റിയതും ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും കത്തിനശിച്ചു.